കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിച്ച് ആന്തരികാവയവ പരിശോധനാ ഫലം. സുനന്ദ മരിച്ചത് അമിതമരുന്നുപയോഗം മൂലമാണെന്നാണ് ആന്തരികാവയവ പരിശോധനാ ഫലം പറയുന്നത്. എന്നാല്‍ ഏതുതരം വിഷാംശമാണ് അകത്തുചെന്നതെന്നോ അത് എത്ര അളവിലാണെന്നോ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പരിശോധനാഫലത്തില്‍ വ്യക്തമാകുന്നില്ല.
മരണം എങ്ങനെ സംഭവിച്ചു എന്നത് സംഭവിച്ച ദുരൂഹതകള്‍ക്കെല്ലാം ആന്തരികാവയവ പരിശോധനാ ഫലം ഉത്തരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരില്‍ നിന്നു തന്നെ സുനന്ദയുടെ മരണം സംബന്ധിച്ച സൂചനങ്ങള്‍ ലഭിക്കുമോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനവരി 17-നാണ് സുനന്ദ പുഷ്കറി(52)നെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണം ആണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.