2 ജി അഴിമതി കേസില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ (പിഎസി)യുടെ ക്ലീന്‍ ചിറ്റ്. എന്നാല്‍, 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയില്‍ പിഎംഒയ്ക്ക് എതിരെ സമിതി കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.
മുന്‍ ടെലികോം മന്ത്രി എ രാജ 2 ജി ലൈസന്‍സ് വിതരണത്തില്‍ അഴിമതി കാട്ടിയതിനെ കുറിച്ച് കൃത്യസമയത്ത് പിഎംഒ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ലൈസന്‍സ് നല്‍കുന്ന വിവരവും അതു സംബന്ധിച്ച പ്രശ്നങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാന്‍ പിഎംഒ താമസിച്ചു എന്നും പിഎസിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട് എന്നാണ് സൂചന.
അതായത്, ആദ്യം സമീപിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ലൈസന്‍സ് വിതരണം ചെയ്യുന്നതിനെ കുറിച്ച് രാജ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, കത്ത് പ്രധാനമന്ത്രിക്ക് ലഭിക്കാന്‍ കാലതാമസമുണ്ടായി. ഇക്കാലയളവില്‍ രാജ നയം നടപ്പാക്കി എന്നും പിഎസിറിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച പിഎസി റിപ്പോര്‍ട്ട് സമിതി അംഗികരിക്കുമെന്നാണ് സൂചന.
അതേസമയം, പിഎസി അന്വേഷണത്തെ കുറിച്ച് സമിതിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം ശക്തമാണ്. 2ജി അഴിമതിയെ കുറിച്ച് ജെപിസി അന്വേഷണവും നടക്കുന്നതിനാല്‍ പിഎസി അന്വേഷണത്തിന്റെ ആവശ്യമില്ല എന്നാണ് സമിതിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.