സംസാരം മറാത്തിയില്‍ മതിയെന്ന് രാജ്

Webdunia
തിങ്കള്‍, 18 ജനുവരി 2010 (10:29 IST)
ഉത്തരേന്ത്യന്‍ വിരുദ്ധ നടപടികളിലൂടെ മാധ്യമ ശ്രദ്ധയാകര്‍ഷിച്ച രാജ് താക്കറെ പുതിയൊരു പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച് വീണ്ടും വാര്‍ത്തകളിലെത്തുന്നു. മഹാരാഷ്ട്രയില്‍ താമസിക്കുന്നവര്‍ ദൈനംദിന ജീവിതത്തില്‍ മറാത്തി ഭാഷ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ് എം‌എന്‍‌എസ് നേതാവ്.

രാജ് താക്കറെ മറാത്തി ഭാഷയില്‍ എഴുതിയ കത്തുമായി എം‌എന്‍‌എസ് പ്രവര്‍ത്തകര്‍ ഫെബ്രുവരി 27 ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും കയറിയിറങ്ങും. വീട്ടിലും ട്രെയിനിലും ചന്തകളിലുമെന്ന് മാത്രമല്ല എല്ലായിടത്തും മറാത്തി ഭാഷയില്‍ സംസാരിക്കണമെന്ന ആവശ്യമായിരിക്കും കത്തിന്റെ ഉള്ളടക്കമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഫെബ്രുവരി 27 മറാത്തി ഭാഷാദിനമായതിനാലാണ് ആ ദിവസം തന്നെ ഭാഷാപ്രചാരണത്തിന് തെരഞ്ഞെടുത്തത് എന്ന് എം‌എന്‍‌എസ് നേതൃത്വം പറയുന്നു. കത്ത് നല്‍കുന്നതില്‍ നിന്ന് മഹാരാഷ്ട്രീയരല്ലാത്തവരെയും ഒഴിവാക്കില്ല എന്നാണ് പാര്‍ട്ടി നിലപാട്.