ശ്രീറാമിന്‍റെ മകളുടെ മരണം, ദുരൂഹതയില്ലെന്ന് പൊലീസ്

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2010 (20:00 IST)
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി സി ശ്രീറാമിന്‍റെ മകളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം, ദീപാവലി ആഘോഷത്തിനിടെ കില്‍‌പോക്കിലുള്ള ഒരു വ്യവസായിയുടെ അപ്പാര്‍ട്ടുമെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണുമരിക്കുകയായിരുന്നു ശ്രീറാമിന്‍റെ മകള്‍, 24കാരിയായ ശ്വേത.

മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഫ്ലാറ്റിനുമുകളില്‍ നിന്ന് ശ്വേത കാല്‍ വഴുതി വീഴുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കളോടൊപ്പം പുലര്‍ച്ചെ മൂന്നുമണിവരെ ദീപാവലി ആഘോഷിക്കുന്നതിനിടെ കാല്‍ വഴുതി ശ്വേത കെട്ടിടത്തിനുമുകളില്‍ നിന്ന് നിലം‌പതിക്കുകയായിരുന്നത്രെ.

ചെന്നൈയിലെ പ്രശസ്തമായ ഒരു ഐ ടി കമ്പനിയില്‍ ജോലിചെയ്യുന്ന, ബി ടെക് ബിരുദധാരിയായ ശ്വേതയും സുഹൃത്തുക്കളും നുങ്കം‌പാക്കത്തെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ ഡിന്നര്‍ കഴിച്ച ശേഷമാണ് സുഹൃത്തും വ്യവസായിയുമായ സന്ദീപിന്‍റെ ഫ്ലാറ്റിലേക്ക് പോയത്. കില്‍‌പോക്കിലെ ലണ്ടന്‍ റോഡിലുള്ള ഈ അപ്പാര്‍ട്ടുമെന്‍റിന്‍റെ നാലാം നിലയില്‍ പുലര്‍ച്ചെ മൂന്നുമണി വരെ ശ്വേത ആഘോഷങ്ങളുമായി കൂടിയത്രെ. ബാല്‍ക്കണിയില്‍ നടന്നുകൊണ്ടിരിക്കെ ശ്വേത കാല്‍ വഴുതി താഴേക്കുവീഴുകയായിരുന്നു എന്നാണ് പൊലീസിന് ദൃക്‌സാക്ഷി നല്‍കിയ മൊഴി.

ഗുരുതരമായി പരുക്കേറ്റ ശ്വേതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. “ശ്വേതയുടെ സുഹൃത്തുക്കളെ ഞങ്ങള്‍ ചോദ്യം ചെയ്തതില്‍ നിന്ന് അതൊരു അപകടമരണമാണെന്ന് ബോധ്യമായി” - പൊലീസ് അറിയിച്ചു.

നായകന്‍, മൌനരാഗം, അലൈപായുതേ, പാ, ഗീതാഞ്ജലി, തേവര്‍ മകന്‍, തിരുടാ തിരുടാ, കാതലര്‍ ദിനം, ചീനി കം, 13ബി, യാവരും നലം തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും കുരുതിപ്പുനല്‍, മീര, വാനം വശപ്പെടും തുടങ്ങിയ സിനിമകളുടെ സംവിധായകനുമാണ് പി സി ശ്രീറാം.