ശ്രീനഗര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍: ഷിന്‍ഡെ

Webdunia
വ്യാഴം, 14 മാര്‍ച്ച് 2013 (15:30 IST)
PRO
PRO
ശ്രീനഗറില്‍ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചാവേറുകളുടെ ഡയറിയില്‍ നിന്ന് പാകിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

പാക് അധിനിവേശ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ക്യാമ്പുകളെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഷിന്‍ഡെ അറിയിച്ചു. ജമ്മു കശ്മീരില്‍ എപ്പോഴും തോക്ക് തന്നെ സംസാരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി.

എന്നാല്‍ കശ്മീരില്‍ നിന്ന് പ്രത്യേക സൈനികാവകാശ നിയമം പിന്‍വലിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ 10:45 ഓടെയാണ് ശ്രീനഗര്‍ ബെമിന പബ്ലിക് സ്കൂള്‍ ലക്ഷ്യമാക്കി ഭീകരാക്രമണം നടന്നത്. ക്രിക്കറ്റ് കളിക്കാരുടെ വേഷത്തിലാണ് ഭീകരര്‍ സ്കൂള്‍ മൈതാനത്തേക്ക് കടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിരുന്നു.