വേഗത്തില്‍ രാജിവെച്ചത് തെറ്റായിപ്പോയി: കെജ്‌രിവാള്‍

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (11:05 IST)
PTI
ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദം പെട്ടന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് എ‌എ‌പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. രാജി വച്ച തീരുമാനം ശരിയായിരുന്നു പക്ഷേ ജനങ്ങളെ അതിന്റെ വ്യക്തമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയം കുറച്ചു കൂടി വേണമായിരുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

രാജിവെക്കണമെന്ന് തീരുമാനിച്ചതില്‍ തെറ്റില്ല, എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ജന്‍ലോക്പാല്‍ ബില്ലിനെ എതിര്‍ത്ത ദിവസം തന്നെ രാജി വെക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നതായി കെജ്‌രിവാള്‍ പറഞ്ഞു.

രാജി വെയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടുതല്‍ പൊതു സമ്മേളനങ്ങള്‍ നടത്തേണ്ടിയിരുന്നു. പെട്ടന്നുള്ള തീരുമാനം ജനങ്ങളുമായി അകലം സൃഷ്ടിച്ചു. മാത്രമല്ല, തങ്ങളുടെ രാജി സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് ബിജെപിയെയും കോണ്‍ഗ്രസിനെയും സഹായിച്ചു. ഒളിച്ചോട്ടക്കാര്‍ എന്ന മുദ്രയും ചാര്‍ത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപിക്ക് 180 സീറ്റുകളില്‍ കുറവ് മാത്രമേ ലഭിക്കൂ, അതിനാല്‍ മോഡി പ്രധാനമന്ത്രി ആകില്ല. എഎപി സ്ഥാനാര്‍ത്ഥികള്‍ വരാണാസിയില്‍ മോഡിയെയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയെയും തോല്‍പ്പിക്കുമെന്നും രാജ്യത്ത് രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നും കെജ്‌രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.