വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ വിജയകുമാര്‍ നക്സല്‍ വിരുദ്ധസേന തലവനാകുന്നു

Webdunia
ബുധന്‍, 12 ജൂണ്‍ 2013 (14:34 IST)
PRO
വീരപ്പന്‍ വേട്ടയ്ക്ക്‌ നേതൃത്വം നല്‍കിയ പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന കെ വിജയകുമാറിനെ നക്സല്‍ വിരുദ്ധ പോരാട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക്‌ തിരികെ വിളിക്കുന്നു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം പ്രത്യേക സേനയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സെല്ലിനെ നയിക്കാനാണ് വനമേഖലയില്‍ പരിചയമുള്ള വിജയകുമാര്‍ തിരികെയെത്തുന്നത്.

ഛത്തീസ്ഗഢില്‍ 27 കോണ്‍ഗ്രസ്‌ നേതാക്കള്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ്‌ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും ഉന്നതതല കൂടിയാലോചനകളിലാണ്‌ വിജയകുമാറിനെ ദൗത്യത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പിക്കാനുള്ള തീരുമാനമുണ്ടായത്‌.

മാവോയിസ്റ്റുകളെ നേരിടാന്‍ നിയോഗിച്ച കേന്ദ്രസേനയ്ക്ക്‌ നല്ല ഒരു നേതൃത്വമില്ലെന്ന വിലയിരുത്തലാണ്‌ കൂടിയാലോചനകളില്‍ ഉയര്‍ന്നത്‌. ഇതനുസരിച്ചാണ്‌ വനമേഖലയിലെ പോരാട്ടങ്ങളില്‍ പരിചയമുള്ള വിജയകുമാറിനെ തിരികെ വിളിക്കാന്‍ തീരുമാനമായത്‌.

1975 ബാച്ചിലെ തമിഴ്‌നാട്‌ കേഡര്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2010 ഒക്ടോബറിലാണ്‌ സിആര്‍പിഎഫ്‌ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്‌. ആന്ധ്രയിലെ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ നാഷണല്‍ പോലീസ്‌ അക്കാദമി മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ബിഎസ്‌എഫിലും സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.