വിവാഹത്തട്ടിപ്പുകാരി ആറ് പേരെ വഞ്ചിച്ചു; അറസ്റ്റിലായി!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (14:09 IST)
PRO
PRO
വിവാഹ നാടകത്തിലൂടെ ആറ് കുടുംബങ്ങളെ പറ്റിച്ച സംഘം പിടിയില്‍. 29 കാരിയായ യുവതിയും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ഏഴാം വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടേയാണ് യുവതിയേയും സംഘത്തെയും ധോള്‍പൂര്‍ പൊലീസ് പിടികൂടിയത്.

യുവതിയുടെ പിതാവും സഹോദരനുമായി വേഷം കെട്ടുന്ന രണ്ട് പേരാണ് സംഘത്തിലെ മറ്റുള്ളവര്‍. സംഗീത, രചന, സപ്ന, പൂജ എന്നീ പേരുകളില്‍ ആണ് യുവതി പലരേയും തെറ്റിദ്ധരിപ്പിച്ചിരുന്നത്. ബ്രാഹ്മിണ കുടുംബങ്ങളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പ്രായക്കൂടുതല്‍ കൊണ്ടോ ശാരീരിക വൈകല്യങ്ങള്‍ കാരണമോ വിവാഹം വൈകിയ പുരുഷന്മാരെയാണ് സംഘം ഇരകളാക്കിയത്.

രണ്ടോ മൂന്നോ ലക്ഷം രൂപ നല്‍കിയാല്‍ മകളെ വിവാഹം ചെയ്തു തരാമെന്ന് യുവതിയുടെ ‘പിതാവ്’ വരന്റെ കുടുബത്തെ ധരിപ്പിക്കും. പണം കിട്ടിയാല്‍ വിവാഹം നടത്തും. യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ കുറച്ചു ദിവസം തങ്ങുകയും ചെയ്യും. തുടര്‍ന്ന്, ഭര്‍തൃവീട്ടുകാര്‍ സമ്മാനിക്കുന്ന ആഭരണങ്ങളുമായി യുവതി അവിടെ നിന്ന് മുങ്ങാറാണ് പതിവ്. പിന്നെ അടുത്ത ഇരയ്ക്കായി വലവിരിക്കും.