വിലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കും: സിംഗ്

Webdunia
ബുധന്‍, 13 ജനുവരി 2010 (15:03 IST)
PTI
രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ഭക്‍ഷ്യവില കുതിച്ചുയരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭക്‍ഷ്യ പദാര്‍ത്ഥങ്ങളുടെ ലഭ്യതയെ കുറിച്ചും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ സിംഗിനെ ധരിപ്പിച്ചു. അരിയുടെയും ഗോതമ്പിന്റെയും ലഭ്യത ഉറപ്പാക്കാനായി കൂടുതല്‍ തുക വകയിരുത്താന്‍ യോഗത്തില്‍ ധാരണയായി.

പഞ്ചസാരയുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി. സിംഗിന്റെ വസതിയില്‍ ചേര്‍ന്ന സമിതിയോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരില്‍ മിക്കവരും അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിലും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലുമുള്ള ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇത്തവണ പഞ്ചസാര ഉത്പാദനം കുറഞ്ഞത് പ്രതികൂലമായി ബാധിച്ചു എന്നും അതിനാല്‍ 40 ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു എന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇതില്‍ 20 ലക്ഷം ടണ്‍ ഇറക്കുമതി പൂര്‍ത്തിയായെന്നും മന്ത്രി സമിതിയോഗത്തില്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയും പെട്രോളിയം മന്ത്രി മുരളി ഡിയോറയും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും പ്രാധാന്യമര്‍ഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്‍റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ വര്‍ദ്ധിക്കുമെന്നാണ് സൂചന.