വിന്ദുവിനെ സൂക്ഷിക്കണമെന്ന് മെയ്യപ്പന് മുന്നറിയിപ്പ് നല്‍കിയിരുന്നു!

Webdunia
വെള്ളി, 31 മെയ് 2013 (19:57 IST)
PRO
ഐപിഎല്‍ വാതുവെയ്‌പ്പിന്റെ സൂചനകള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ ഐസിസി മുന്നറിയിപ്പ്‌ തന്നിരുന്നതായി മെയ്യപ്പന്‍ തന്നോട്‌ പറഞ്ഞെന്ന വിന്ദു ധാര സിംഗിന്റെ വെളിപ്പെടുത്തലാണ്‌ വാതുവെയ്‌പ്പ് വിവാദത്തില്‍ പുതിയതായി പുറത്തുവന്നത്.

മുംബൈ പൊലീസ്‌ ചോര്‍ത്തിയ വിന്ദുവും മെയ്യപ്പനും തമ്മില്‍ നടന്ന ഫോണ്‍ കോളുകളിലാണ്‌ ഈ പരാമര്‍ശമുള്ളതെന്ന്‌ മുംബൈ പൊലീസാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഇരുവരും ഇപ്പോള്‍ പൊലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യപ്പെട്ട്‌ വരികയാണ്‌. ഈ ആരോപണം ശരിയാണെങ്കില്‍ ഒത്തുകളി വിവാദം പൊട്ടിപ്പുറപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ ഐസിസി മെയ്യപ്പനെയും അദ്ദേഹത്തിന്റെ കമ്പനിയെയും സസൂഷ്‌മ നിരീക്ഷണം നടത്തുകയായിരുന്നെന്ന്‌ വ്യക്‌തം.

എത്ര തുകയ്ക്ക് വാതുവെപ്പ് നടത്തണം, ഏതെല്ലാം കളിക്കാരെ സമീപിക്കണം, ഓവറുകളില്‍ എത്ര റണ്‍സ് വിട്ടുകൊടുക്കണം എന്നത് സംബന്ധിച്ച് മെയ്യപ്പന്‍ വിന്ദു ധാരാ സിംഗിന് നിര്‍ദേശം നല്‍കിയതും സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്. ഐപിഎല്‍ ആറാം പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏപ്രിലിലാണ് മെയ്യപ്പന്‍ വിന്ദു സിംഗിനെ ഫോണില്‍ ബന്ധപ്പെട്ടത്.

ഐപിഎല്‍ വാതുവെപ്പ് വിവാദത്തില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. കേസില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നതോടെ ബിസിസിഐയും ശ്രീനിവാസനും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ഇതേസമയം വാതുവെപ്പിനെക്കുറിച്ച് ഐസിസി മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ നിഷേധിച്ചു. വാതുവെപ്പ് വിവാദത്തില്‍ താന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മെയ്യപ്പന്റെ ഭാര്യാപിതാവും ബിസിസിഐ തലവനുമായ ശ്രീനിവാസന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്‌തമാകുകയാണ്‌. . ആരോപണങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്ത സ്‌ഥിതിയായതോടെ ഐസിസി ഡയറക്‌ടര്‍മാരില്‍ ഒരാള്‍ കൂടിയായ ശ്രീനിവാസന്‌ മേല്‍ ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്‌.