വസ്തു തര്‍ക്കം, 10 പേരെ ചുട്ടുകൊന്നു!

Webdunia
ശനി, 12 മാര്‍ച്ച് 2011 (09:14 IST)
WD
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് യുപിയിലെ മഹാരാജ്ഗഞ്ചിലെ ദിഗാഹി ഗ്രാമത്തില്‍ അഞ്ച് കുട്ടികള്‍ അടക്കം പത്ത് പേരെ ചുട്ടുകൊന്നു. ഒരു ഗ്രാമത്തലവന്റെ അനുചരരാണ് കൊലപാതകം നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഗ്രാമത്തലവനെ എതിര്‍ വിഭാഗം വെടിവച്ച് കൊന്നു.

അയോധ്യ ദുബെ, ദ്വാരക ദുബെ, കൃഷ്ണ മുരാരി, ധീരേന്ദ്ര കുമാര്‍ ദുബെ എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമത്തലവന്‍ ദിന സിംഗിനെ വ്യാഴാഴ്ച രാവിലെ വെടിവച്ച് കൊന്നത്. ബുധനാഴ്ച രാത്രി ദിന സിംഗിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ദ്വാരക ദുബെയുടെയും അയോധ്യ ദുബെയുടെയും വീടുകള്‍ അഗ്നിക്കിരയാക്കിത്. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് കുട്ടികളും രണ്ട് പുരുഷന്‍‌മാരും മൂന്ന് സ്ത്രീകളും വെന്ത് മരിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസിനെ ഗ്രാമത്തിലേക്ക് കടക്കാന്‍ ജനക്കൂട്ടം അനുവദിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സായുധ ഏറ്റുമുട്ടല്‍ നടത്തിയതിന് നാല്‍പ്പത് പേരെ പൊലീസ് തെരയുന്നു.