വനിതാ പൈലറ്റുമാരുടെ ജാഗ്രത; രക്ഷിച്ചത് 52 ജീവനുകള്‍

Webdunia
തിങ്കള്‍, 11 ജൂണ്‍ 2012 (09:22 IST)
PTI
PTI
രണ്ട് വനിതാ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അസമില്‍ വന്‍ വിമാനദുരന്തം ഒഴിവായി. അസമിലെ സില്‍ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ എയര്‍ ഇന്ത്യയുടെ എടിആര്‍ വിമാനമാണ് അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. 48 യാത്രക്കാരും നാല് ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ മുന്‍ചക്രം ഊരിപ്പോകുകയായിരുന്നു. എന്നാല്‍ പൈലറ്റ് ഊര്‍മിള, കോ-പൈലറ്റ് യാഷു എന്നിവരുടെ മനസാന്നിധ്യം മൂലം അപകടം കൂടാതെ വിമാനം ഗുവഹാത്തിയിലെ ലോക്പ്രിയ ഗോപി നാഥ് ബര്‍ദോളൊയ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വിമാനം ഇടിച്ചിറക്കേണ്ടിവരുമെന്ന് പൈലറ്റുമാര്‍ വിമാനത്താവള അധികൃതരെ ധരിപ്പിച്ചിരുന്നു. വിമാനം ഏറെ നേരം പറത്തി ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ഇടിച്ചിറക്കിയത്. പൊട്ടിത്തെറി സാധ്യത കുറയ്ക്കാനായിരുന്നു ഇത്.

ധൈര്യപൂര്‍വ്വം പ്രവര്‍ത്തിച്ച പൈലറ്റുമാരെ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും എയര്‍ ഇന്ത്യയും അഭിനന്ദിച്ചു.