കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അഞ്ചുപേര്‍ക്ക് ലഭിച്ച വധശിക്ഷ ജീവപര്യന്തമായി മാറ്റിയ മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു.
രാഷ്ട്രപതിയുടെ തീരുമാനം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകയായ പിങ്കി വിരാനിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. 35 കേസുകളിലാണ് മുന്‍ രാഷ്ട്രപതി വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. ഇതില്‍ അഞ്ചെണ്ണമാണ് ചോദ്യംചെയ്യപ്പെട്ടത്. അതിക്രൂരമായി പീഡിപ്പിച്ചാണ് ഈ അഞ്ചുകേസിലും കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
ഇത്തരം കേസുകളില്‍ വധശിക്ഷ റദ്ദാക്കരുതായിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിനു പുറമെ ആഭ്യന്തരമന്ത്രാലയത്തിനും ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന ദേശായ്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.