ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 10ന് വോട്ടെടുപ്പ്

Webdunia
ബുധന്‍, 5 മാര്‍ച്ച് 2014 (11:28 IST)
PTI
പതിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുമുതല്‍ മെയ് പന്ത്രണ്ട് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 16ന് നടക്കും.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ സഭയില്‍ രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15 നാണ്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഒമ്പത് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക.

ഗുജറാത്തില്‍ ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഏപ്രില്‍ 10നാണ്. ഏപ്രില്‍ 13ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കും. ബീഹാറിലും ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് ആരംഭിക്കും.

പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കും. മെയ് 31 ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ വരണം. ഈ തിയതികള്‍ മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതികള്‍ പ്രഖ്യാപിച്ചത്

81.4 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് കോടിയോളം കൂടുതലാണിത്. 9,39,000 പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടാകുക.