2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരെ ദൃഷ്ടികേന്ദ്രമായിട്ടായിരിക്കും എഎപി സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുക. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയുടേതാണ് തീരുമാനം.
ക്രിമിനല്‍ പശ്ചാത്തലമുള്ള 162 രാഷ്ട്രീയക്കാരെയാണ് ആംആദ്മി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളില്‍ കുറെയധികം ആളുകള്‍ അഴിമതിക്കാരാണെന്നും അവരെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
അതേസമയം ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ ഒരു മാസത്തെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കെജ്‌രിവാളിന്റെ വാര്‍ത്താ സമ്മേളനം തടസപ്പെടുത്തുന്നതിന് മുന്‍പായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഡല്‍ഹിയിലെ മുന്‍കാല സര്‍ക്കാരുകള്‍ ഒരു മാസം കൊണ്ട് ചെയ്തതിലും അധികം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി എഎപി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.