ലോകകപ്പ് ടിക്കറ്റില്ല, പകരം പൊലീസിന്റെ അടി!

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (12:36 IST)
PRO
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരം കാണാന്‍ ആരാധകരുടെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍, ടിക്കറ്റ് വാങ്ങാന്‍ ബുധനാഴ്ച മുതല്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ കാത്ത് നിന്നവര്‍ക്ക് ടിക്കറ്റിനു പകരം പൊലീസിന്റെ അടി വാങ്ങി മടങ്ങേണ്ടി വന്നു!

ഞായറാഴ്ചത്തെ മത്സരത്തിനായി അവശേഷിച്ച നാലായിരം ടിക്കറ്റുകള്‍ക്കായി ആരാധകര്‍ ബഹളം കൂട്ടിയതാണ് ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചത്. ലോകകപ്പ് ടിക്കറ്റ് വില്‍പ്പന മാനേജ്മെന്റ്, പി‌ആര്‍ കെടുകാര്യസ്ഥത മൂലം താറുമാറായ അവസരത്തിലാണ് പൊലീസിന് മര്‍ദ്ദനമുറയുപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടേണ്ടി വന്നിരിക്കുന്നത്. ബോക്സ്‌ഓഫീസ് ടിക്കറ്റ് വില്‍പ്പന സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഐസിസി നേരത്തെ തന്നെ സംഘാടക സമിതിയെ അറിയിച്ചിരുന്നു.

ടിക്കറ്റ് വില്‍പ്പനയിലെ അതൃപ്തി ചൂണ്ടിക്കാട്ടാനായി ഐസിസി കഴിഞ്ഞ ദിവസം ലോകകപ്പ് സംഘാടക സമിതി അധ്യക്ഷന്‍ ശരദ് പവാറിന് കത്തെഴുതിയിരുന്നു. സ്പോണ്‍സര്‍മാര്‍ക്കും ഒഫീഷ്യലിനും നല്‍കാന്‍ ഐസിസിക്ക് നല്‍കേണ്ടിയിരുന്ന ടിക്കറ്റ് പോലും ഇതുവരെ നല്‍കിയിട്ടില്ല.

ടിക്കറ്റ് വില്‍പ്പനയുടെ ഒഫീഷ്യല്‍ പങ്കാളിയായ ഓണ്‍‌ലൈന്‍ ഏജന്‍സിയുടെ സൈറ്റ് കഴിഞ്ഞ ദിവസം തകരാറിലാവുകയും ചെയ്തിരുന്നു. ഇരുപത് മിനിറ്റിനുള്ളില്‍ ഒരു കോടിയോളം ആരാധകര്‍ ഒരേസമയം ഓണ്‍‌ലൈനിലൂടെ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് സൈറ്റ് തകരാന്‍ കാരണമായത്.