ലൈലാ ഖാന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് പിതാവ്

Webdunia
വെള്ളി, 6 ജൂലൈ 2012 (12:32 IST)
PRO
PRO
ബോളിവുഡ് നടി ലൈലാ ഖാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അവിശ്വസനീയമാണെന്ന് അവരുടെ പിതാവ് നാദിര്‍ ഷാ പട്ടേല്‍. തനിക്ക് ഇക്കാര്യം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു. ലൈലയുടെ രണ്ടാനച്ഛന്‍ പര്‍വേശ് ഇക്ബാല്‍ ടക് ആണ് അവര്‍ കൊല്ലപ്പെട്ടതായി പൊലീസിനോട് പറഞ്ഞത്.

ലൈല, അമ്മ സലീന ബീഗം, സഹോദരങ്ങളായ സാറ, ഇമ്രാന്‍, ബന്ധു രേഷ്മ, വീട്ടുജോലിക്കാരി എന്നിവര്‍ കൊല്ലപ്പെട്ടു എന്നാണ് ടക് പൊലീസിന് നല്‍കിയ മൊഴി. 2011 ഫെബ്രുവരിയില്‍ മുംബൈയിലാണ് ഇവരെ വെടിവച്ചു കൊന്നത്. മൃതദേഹങ്ങള്‍ മുംബൈയില്‍ എവിടെയോ മറവുചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

പട്ടേലില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സെലീന ടകിനെ വിവാഹം കഴിക്കുകയായിരുന്നു. ലഷ്കര്‍ ഭീകരവാദി എന്ന് സംശയിക്കുന്ന ടക് ഈയിടെ ജമ്മുവിലാണ് അറസ്റ്റിലായത്.

ടക് പറഞ്ഞ കാര്യങ്ങളില്‍ വാസ്തവം ഉണ്ടെങ്കില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങണം എന്ന് പട്ടേല്‍ ആവശ്യപ്പെട്ടു.