ലൈംഗികാരോപണം; തരുണ്‍ തേജ്പാലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്ലി

Webdunia
വെള്ളി, 22 നവം‌ബര്‍ 2013 (10:54 IST)
PTI
ലൈംഗീക പീഡനക്കേസില്‍ തരുണ്‍ തേജ്പാലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി.

ഗോവയില്‍ സംഭവിച്ചത് ബലാല്‍സംഗം തന്നെയാണ്. യുവ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതി അതാണ് ബോധ്യപ്പെടുത്തുന്നത്. ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പരാതിപ്പെട്ടാല്‍ എങ്ങനെയാണ് പ്രതി ആറ് മാസം മാറിനിന്ന് അത് പരിഹരിക്കാന്‍ സാധിക്കുക. തേജ്പാലിനെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണം- അരുണ്‍ ജെയ്റ്റ്ലി തന്റെ ബ്ലോഗില്‍ ആവശ്യപ്പെട്ടു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക എഡിറ്റര്‍ ഇന്‍ ചാര്‍ജ് തരുണ്‍ തേജ്പാല്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ആറു മാസത്തേക്ക് പദവിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തേജ്പാല്‍ വ്യക്തമാക്കി.

തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ശോഭ ചൗധരിക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് തേജ്പാല്‍ ഇക്കാര്യം അറിയിച്ചത്. തന്റെ നടപടിയില്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചതായും സന്ദേശത്തില്‍ പറയുന്നു.

സ്ഥാപനത്തിലെ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ തേജ്പാല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. മകളുടെ പ്രായം മാത്രമുള്ള മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ തേജ്പാല്‍ തുടര്‍ച്ചയായി ലൈംഗികാക്രമണം നടത്തിയെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് വ്യക്തമാക്കിയിരുന്നു.