പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

രേണുക വേണു

വെള്ളി, 15 നവം‌ബര്‍ 2024 (09:07 IST)
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് 10 വര്‍ഷം തടവ് അനുവദിച്ചുകൊണ്ടുള്ള വിധി ശരിവെച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. 
 
' 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ട്,' ജസ്റ്റിന് ജി.എ.സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഭാര്യയുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന പ്രതിരോധം നിയമപരമായി സാധ്യമല്ലെന്ന് കോടതി പറഞ്ഞു. 
 
സമാന സംഭവത്തില്‍ യുവാവിനു കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷം കഠിന തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചതാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മാത്രമല്ല പീഡനത്തിനു ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. പിന്നീട് ഈ പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ദാമ്പത്യബന്ധം വഷളായതിനു പിന്നാലെയാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിക്കാരി യുവാവിന്റെ ഭാര്യയാണെന്നു പറഞ്ഞ് പ്രതിരോധിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. 
 
ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന ഇരയുടെ ആരോപണം പരിഗണിക്കുമ്പോള്‍, അവര്‍ തമ്മില്‍ വിവാഹിതരാണെന്ന പ്രതിഭാഗത്തിന്റെ പ്രതിരോധം കണക്കിലെടുത്താല്‍ പോലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍