ലിബിയന്‍ ഉപരോധത്തെ ഇന്ത്യ പിന്തുണച്ചു

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (17:51 IST)
PRO
PRO
ലിബിയയിലെ ഗദ്ദാഫി ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ. ഇന്ത്യയടക്കം 15 രാജ്യങ്ങള്‍ അടങ്ങുന്ന രക്ഷാസമിതി ഐക്യകണ്‌ഠേനയാണ് ഉപരോധത്തിനുള്ള പ്രമേയം പാസാക്കിയത്. ഒരു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 15-0 എന്ന കണക്കിലായിരുന്നു പ്രമേയം പാസായത്.

ഫ്രാന്‍സ്, യു കെ, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഉപരോധത്തിനുള്ള പ്രമേയം അവതരിപ്പിച്ചത്.

ആയുധ കയറ്റുമതി, ഏകാധിപതിയായ ഗദ്ദാഫിയുടേയും ബന്ധുക്കളുടേയും അടുത്ത അനുയായികളുടേയും സ്വത്ത് മരവിപ്പിക്കല്‍ തുടങ്ങിയവയാണ് ഉപരോധത്തിന്റെ പരിധിയില്‍ വരിക. ഗദ്ദാഫിക്കും മറ്റുള്ളവര്‍ക്കുമുള്ള യാത്രാ നിരോധനവും ഇതില്‍ ഉള്‍പ്പെടും. ഗദ്ദാഫി, അദ്ദേഹത്തിന്റെ ഏഴ് ആണ്‍മക്കള്‍, മകള്‍ ഐഷ, കുടുംബാംഗങ്ങള്‍, മുതിര്‍ന്ന സൈനിക‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 16 പേരെ ലക്ഷ്യമിട്ടാണ് ഉപരോധം.

രാജ്യത്തെ സൈനിക അടിച്ചമര്‍ത്തലുകളെക്കുറിച്ച് അന്താരാഷ്ട്ര യുദ്ധകുറ്റകൃത്യ നിയമമനുസരിച്ച് അന്വേഷണം നടത്താനും യു എന്‍ സുരക്ഷാസമിതിയില്‍ തീരുമാനമായി.

ആയിരത്തിലേറെ പേരാണ് ഇതിനോടകം ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കണക്ക്. രാജ്യത്തിന്റെ കിഴക്കന്‍ മേഖല മുഴുവന്‍ ഇപ്പോള്‍ കലാപകാരികളുടെ കൈപ്പിടിയിലാണ്.