ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ നേതാവും ബോംബ് നിര്‍മ്മാണ വിദഗ്ദനുമായ അബ്ദുള്‍ കരീം തുണ്ട അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയിബയുടെ നേതാവുമായ ഇയാളെ ഡല്‍ഹി പൊലീസ് ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഇരുപത് കൊടുംഭീകരുടെ പട്ടികയിലുള്ളയാളാണ് തുണ്ട.
എഴുപത് വയസുള്ള തുണ്ട നാല്‍പ്പത് ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണെന്ന് പൊലീസ് പറയുന്നു. 1996-1998 വര്‍ഷങ്ങളിലായി ന്യൂഡല്‍ഹി, പാനിപ്പത്ത്, കാണ്‍പൂര്‍, വാരണാസി എന്നിവിടങ്ങളിലായി നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തുണ്ടയായിരുന്നു. ഈ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിക്കുകയും 400 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ജനിച്ച തുണ്ട 1980 കളില്‍ പാകിസ്താന്റെ ഐഎസ്ഐയില്‍ തീവ്രവാദ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടു. പിന്നീട് അതീവ സ്‌ഫോടന ശേഷിയുള്ള ബോംബ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനായി മാറി. തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടന്ന തുണ്ട ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗമായി.
തുണ്ടയ്ക്കു വേണ്ടി ഇന്ത്യ തെരച്ചില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2000ത്തില്‍ തുണ്ട കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ 2005 ല്‍ അറസ്റ്റിലായ ലഷ്‌കര്‍ നേതാവ് അബ്ദുള്‍ റസാഖ് മസൂദ് തുണ്ട ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി.
ഇന്ത്യന്‍ മുജാഹിദ്ദാന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു. നിരവധി ഭീകരസംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിലും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.