റെയില്‍‌വേ ബജറ്റ് 2015: പുതിയ പാതകളും ട്രെയിനുകളും പ്രഖ്യാപനത്തിലില്ല !

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (13:21 IST)
റെയില്‍‌വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ പുതിയ തീവണ്ടികളെക്കുറിച്ചോ പുതിയ പാതകളെക്കുറിച്ചോ വിവരങ്ങളില്ല. എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ഈ ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ ഇവ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചരക്കുനീക്കത്തില്‍ സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തും. പാതനിര്‍മ്മാണത്തിന്‍റെ വിവരങ്ങള്‍ ഓണ്‍‌ലൈനില്‍ അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തും. 
 
ജനശതാബ്‌ദി ട്രെയിനുകളുടെ വേഗം കൂട്ടും. ഐ ഐ ടി വാരാണസിയില്‍ മാളവ്യ ചെയര്‍ സ്ഥാപിക്കും. അഞ്ചുവര്‍ഷം കൊണ്ട് ആളില്ലാ റെയില്‍ ക്രോസുകള്‍ ഒഴിവാക്കും. പദ്ധതി നടത്തിപ്പിന് പൊതു - സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. യാത്രാസൌകര്യവിഹിതം 67% കൂട്ടി. തെരഞ്ഞെടുത്ത ട്രെയിനുകളില്‍ 17000 ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. 10 പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍ സ്ഥാപിക്കും. 
 
ട്രെയിനുകളില്‍ ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്‍‌മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഉറപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 120 ദിവസം മുമ്പ് മുന്‍‌കൂര്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തും. ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കുന്ന ടിക്കറ്റ് വെന്‍‌ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. തെരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ടഭക്ഷണം ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്യാം. 
 
നവീകരണം വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ വരും.  സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്ന ടെണ്ടര്‍ വിളിക്കും. പാതയിരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനുമായി 96,182 കോടി രൂപ വകയിരുത്തും. എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ കൊണ്ടുവരും. ഐ ആര്‍ സി ടി സി വഴി പിക് ആന്‍ഡ് ഡ്രോപ് സംവിധാനം കൊണ്ടുവരും. മൊബൈല്‍ ഫോണുകള്‍ ചാര്‍ജുചെയ്യാന്‍ സ്ലീപ്പര്‍, ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ പ്രത്യേക സംവിധാനം.
 
പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും. സ്മാര്‍ട്ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കൊണ്ടുവരും. നവീകരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യം.
 
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയ ബജറ്റാണിത്. സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍  പറയുന്നു. 182 എന്ന നമ്പരില്‍ വിളിച്ചാല്‍ യാത്രയുടെ സുരക്ഷാപ്രശ്നങ്ങള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 
 
സുരക്ഷയും സുഖയാത്രയും നവീകരണവും പ്രധാന ലക്ഷ്യങ്ങള്‍. സാമ്പത്തിക സ്വയം പര്യാപ്തതയും ലക്‍ഷ്യമാണ്.  അഞ്ചുവര്‍ഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വിവിധഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. യാത്രാനിരക്ക് കൂട്ടില്ല. 
 
പാതയിരട്ടിപ്പിക്കലിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സൌകര്യങ്ങള്‍ മെച്ചപ്പെടാത്തതിന് കാരണം നിക്ഷേപങ്ങളുടെ കുറവാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.
 
ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടുന്നതിന് പ്രാധാന്യം നല്‍കും. വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. കൂടുതല്‍ നിക്ഷേപം റെയില്‍‌വേയില്‍ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
 
ഉദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കും സൌകര്യത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 
 
യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിന് ബജറ്റില്‍ മുന്‍‌ഗണന നല്‍കും. റെയില്‍ നവീകരണത്തിന് പ്രാധാന്യം നല്‍കും. ബജറ്റിന് പിന്നാലെ അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതി നടപ്പാക്കുമെന്നും സുരേഷ് പ്രഭു ബജറ്റില്‍ വ്യക്തമാക്കി.