റിസര്‍വ് ബാങ്ക് 2005-നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 500 രൂപ, 1,000 രൂപ എന്നിവയുടേത് ഉള്‍പ്പെടെയുള്ള സകല നോട്ടുകളും മാര്‍ച്ച് 31-ഓടെ പൂര്‍ണമായും പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്.
2005- നു മുമ്പുള്ള നോട്ടുകളില്‍ പുറത്തിറങ്ങിയ വര്‍ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്ന് പുതിയത് മാറ്റി വാങ്ങാമെന്ന് ആര്‍ബിഐ. അറിയിച്ചു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ പത്തില്‍ കൂടുതല്‍ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടവര്‍ തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കണം.
2005- നു മുമ്പുള്ള 500 രൂപ നോട്ടുകള്‍ നീല, മഞ്ഞ, പച്ച നിറങ്ങളിലായിരുന്നു വേര്‍തിരിച്ചിരുന്നത്. എന്നാല്‍ പിന്നീട് മഹാത്മാഗാന്ധി ശ്രേണിയിലുള്ള ഇനം നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ കാരണമെന്താണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കള്ളനോട്ടുകള്‍ തടയാനാണ് ഇതെന്നാണ് സൂചന. അഞ്ചു രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ നോട്ടുകളാണ് നിലവിലുള്ളത്.