ഹൈദരബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹോദരന്‍ രാജയും അമ്മ രാധികയും ബുദ്ധമതം സ്വീകരിച്ചു. രോഹിതിന്റെ മരണശേഷം നടന്ന പ്രക്ഷോഭ പരിപാടികളില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ഹൈദരബാദ് സര്‍വകലാശാലയില്‍ നടന്ന നൂറ്റിപ്പത്തൊമ്പതാമത് സാവിത്രിഭായ് ഫൂലെ അനുസ്മരണ ചടങ്ങിലാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്.
ദളിതരായതിനാല്‍ ജോലി സ്ഥലങ്ങളിലടക്കം തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ രാധിക ചടങ്ങില്‍ പങ്കുവച്ചു. ‘മക്കളെ വളര്‍ത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു. ടൈലറിങ്ങ് ജോലി ചെയ്ത സ്ഥലത്ത് മറ്റുള്ളവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ പോലും തനിക്ക് അനുവാദം ഇല്ലായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാട് അനുഭവിക്കേണ്ടി വന്നു’ -രാധിക പറഞ്ഞു.
തന്റെ ഇനിയുള്ള ജീവിതം ദളിതര്‍ക്കായി ഉള്ളതാണ്. അതിനായി മരണം വരെ പോരാടുമെന്നും താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത്തിന് അനുഭവിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും രാധിക പറഞ്ഞു.