രുചിക ഗിര്‍ഹോത്ര കേസില്‍ ഹരിയാന മുന്‍ ഡിജിപി എസ് പി എസ് റാത്തോര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പാഞ്ച്‌കുള സെഷന്‍സ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ റാത്തോറിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊലപാതക ശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും റാത്തോറിനെതിരെ പുതിയ കേസുകള്‍ ചാര്‍ജ്ജു ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ റാത്തോര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.
കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍, അന്യായമായി തടവിലാക്കല്‍, കൃത്രിമമായി തെളിവുകള്‍ സൃഷ്ടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ ജാമ്യം ലഭിക്കാത്ത ചാര്‍ജ്ജുകളാണ് റാത്തോറിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. ജാമ്യാപേക്ഷ തള്ളിയതോടെ റാത്തോറിന്‍റെ അറസ്റ്റ് എപ്പോള്‍ നടക്കും എന്നത് മാത്രമാണ് ഈ കേസില്‍ ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന സംഗതി.
റാത്തോറിന്‍റെ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് ജാമ്യാപേക്ഷ തള്ളിയ വാര്‍ത്തയോട് രുചികയുടെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. ടെന്നീസ് താരമായിരുന്ന രുചികയെ 1990ല്‍ അന്നു ഹരിയാന ലോണ്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന റാത്തോര്‍ പീഡിപ്പിച്ചു എന്നാണ് ആരോപണം. 1993ല്‍ രുചിക ആത്മഹത്യ ചെയ്തു.