രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി മായാവതി

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2013 (15:27 IST)
PTI
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായവതി രംഗത്തെത്തി. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് കന്‍ഷിറാമിനോട് കോണ്‍ഗ്രസ് ജാതീയമായ സമീപനമാണ് കൈക്കൊണ്ടതെന്ന് മായാവതി കുറ്റപ്പെടുത്തുകയായിരുന്നു.

കന്‍ഷിറാം മരിച്ചപ്പോള്‍ ഒരുദിവസം പോലും ദുഃഖാചരണം നടത്തിയില്ലെന്ന് മായാവതി ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് പൊറുക്കില്ലെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ച പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള ദേശീയ പരിപാടിയുടെ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മായാവതിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

ദളിത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം മായാവതി കൈയടക്കി വെച്ചിരിക്കുകയാണെന്നും മറ്റാരും ഉയര്‍ന്നുവരാന്‍ അവര്‍ സമ്മതിക്കുകയില്ലെന്നുമാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. കന്‍ഷിറാമിന്റെ ഏഴാം ചരമവാര്‍ഷികത്തില്‍ ബഹുജന്‍ പ്രേം കേന്ദ്രയില്‍ നടന്ന പരിപാടിയിലാണ് മായാവതി കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചത്.