രാഷ്ട്രപതി ദയാഹര്‍ജികളെല്ലാം തീര്‍പ്പാക്കി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (09:47 IST)
PRO
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ദയാഹര്‍ജികളെല്ലാം തീര്‍പ്പാക്കി. ഇപ്പോള്‍ രാഷ്ട്രപതിയുടെ മുമ്പില്‍ ദയാഹര്‍ജികള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല. അവസാനത്തെ രണ്ട് ദയാഹര്‍ജികള്‍ തള്ളുകയായിരുന്നു.

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച കര്‍ണ്ണാടകയിലെ ശിവു, ജതി സ്വാമി എന്നിവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിക്കളഞ്ഞത്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് തൂക്കിലേറ്റിയിരുന്നു.

രാഷ്ട്രപതി പരിഗണിച്ച 17 ദയാഹര്‍ജികളില്‍ പതിനൊന്നെണ്ണവും തള്ളിക്കളയുകയായിരുന്നു. കൊള്ളക്കാരന്‍ വീരപ്പന്റെ സഹായികളായിരുന്ന ജ്ഞാനപ്രകാശ്, സൈമണ്‍, മീശ മാധവന്‍, പിലാവേന്ദ്രന്‍ എന്നിവരുടെ ദയാഹര്‍ജികളും തള്ളുകയായിരുന്നു.

കര്‍ണാടകയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സായിബണ്ണ നിംഗപ്പ നടികരുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷം ദയാഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടികളെടുക്കുന്നുണ്ട്.