രാഷ്ട്രപതിയാകാന്‍ കലാമിന് പിന്തുണയേറുന്നു

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2012 (17:23 IST)
PRO
PRO
ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് മൂന്ന് മാസം മാത്രമേ ബാക്കിയുള്ളൂ. രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എഐഎഡിഎംകെ, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു.

രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യുപിഎ സഖ്യകക്ഷിയായ എന്‍സിപിയുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധമന്ത്രി എ കെ ആന്റണി തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.