രാമക്ഷേത്രം പണിയാന്‍ നരസിംഹറാവു ശ്രമിച്ചു!

Webdunia
ചൊവ്വ, 12 ജനുവരി 2010 (17:04 IST)
PRO
PRO
കര്‍‌സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചയുടന്‍ തല്‍‌സ്ഥാനത്ത് രാമക്ഷേത്രം പണിത് സംഘപരിവാറിനെ ഞെട്ടിക്കാന്‍ കോണ്‍‌ഗ്രസ് നേതാവും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹറാവു പദ്ധതികള്‍ ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയിന്റ്‌ സെക്രട്ടറിയും റാവുവിന്റെ ഉപദേശകനുമായിരുന്ന (ഇന്‍ഫര്‍മേഷന്‍ അഡ്വൈസര്‍) റിട്ടയേര്‍ഡ്‌ ഐഎഎസ്‌ ഓഫിസര്‍ പിവിആര്‍കെ പ്രസാദ്‌ എഴുതിയ “അസലു ഏമി ജലിഗിം‌ദം‌ടേ” (സത്യത്തില്‍ നടന്നതെന്ത്) എന്ന തെലുങ്ക് പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്.

തര്‍ക്കപ്രദേശത്ത് നിലനിന്നിരുന്ന മന്ദിരം സംഘപരിവാര്‍ അംഗങ്ങള്‍ പൊളിക്കില്ല എന്നൊരു ഉറപ്പ് അദ്വാനിയും വാജ്‌പേയിയും നരസിംഹറാവുവിന് നല്‍‌കിയിരുന്നു. എന്നാല്‍ അക്രമാസക്തരായ കര്‍‌സേവകര്‍ മന്ദിരം പൊളിച്ചത് നരസിംഹറാവുവിന് ഞെട്ടലുണ്ടാക്കി. അദ്വാനിയും വാജ്‌പേയിയും അറിയാതെയാണ് കര്‍‌സേവകര്‍ ഇത്തരമൊരു നീക്കം നടത്തിയത്. മന്ദിരം പൊളിക്കുന്ന കാര്യം റാവുവിനോ അദ്വാനിക്കോ വാജ്‌പേയിക്കോ അറിയാമായിരുന്നില്ല.

ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംഘപരിവാറിന് അപ്രമാദിത്വം കല്‍‌പ്പിച്ച് കൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായക്കാരനായിരുന്നു റാവു. അതുകൊണ്ടുതന്നെ, സംഘപരിവാറിനെ മാറ്റിനിര്‍ത്തി, തര്‍ക്കസ്ഥലത്ത് ഒരു രാമക്ഷേത്രം പണികഴിക്കാന്‍ റാവു തന്ത്രങ്ങള്‍ മെനഞ്ഞു. ഹിന്ദു മഠങ്ങള്‍, പീഠങ്ങള്‍, സംഘടനകള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയക്കാരെ പൂര്‍ണമായും ഒഴിവാക്കിയാണ്‌ റാവു രാമാലയം ട്രസ്റ്റ്‌ സ്ഥാപിച്ചത്‌. കാഞ്ചി, ദ്വാരക, ബദരീനാഥ്‌, പുരി, ശൃംഗേരി എന്നിവിടങ്ങളിലെ ശങ്കരാചാര്യന്മാര്‍, വടക്കുനിന്നുള്ള ശ്രീ വൈഷ്ണവ സന്ന്യാസിമാര്‍ തുടങ്ങിയവരെയാണ്‌ വല്ലഭാചാര്യയിലെ ഗുരുജിമാര്‍ എന്നിവരെയാണ്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.

രാമക്ഷേത്ര നിര്‍മാണം എന്ന മുദ്രാവാക്യവുമായി 1993-ല്‍ ബിജെപി നാല് സംസ്ഥാനങ്ങളിലെ (യു‌പി, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്) നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ റാവു ആകെ അസ്വസ്ഥനായിരുന്നു. “രാമന്റെ പേറ്റന്റ് ഏറ്റെടുക്കാന്‍ ബിജെപി ആരാണ്? നമുക്ക് ബിജെപിയോട് മത്സരിച്ച് ജയിക്കാം. എന്നാല്‍ ശ്രീരാമഭഗവാനോട് മത്സരിച്ച് ജയിക്കാന്‍ നമുക്കാവുമോ” റാവു തന്നോട് ചോദിച്ചതായി പിവിആര്‍കെ പ്രസാദ്‌ എഴുതുന്നു. എന്നാല്‍ 1995-ല്‍ പൊതുതെരഞ്ഞെടുപ്പ് വന്നതോടെ റാവുവിന്റെ തന്ത്രങ്ങള്‍ പാളി. തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍‌ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാമക്ഷേത്രമെന്ന ആശയം പൊലിയുകയായിരുന്നു.

നരസിംഹറാവുവിനെ ഒരു ദീര്‍ഘദര്‍ശിയായ നേതാവായാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തം റാവുവിന് മേല്‍ കെട്ടിവയ്ക്കപ്പെടുകയായിരുന്നുവെന്നും പ്രസാദ് എഴുതുന്നു. വക്കീലന്മാര്‍ക്ക് നല്‍‌കാന്‍ പൈസ കയ്യില്‍ ഇല്ലാത്തതിനാല്‍ ബഞ്ചാര ഹില്‍‌സിലുള്ള തന്റെ വീട് വില്‍ക്കാന്‍ കൂട്ടുകാരെ ഏല്‍പ്പിച്ച റാവുവിനെയും ഈ പുസ്തകത്തില്‍ കാണാം. പ്രസാദിന്റെ പുസ്തകം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് തെലുങ്കില്‍ ആണെങ്കിലും അടുത്തുതന്നെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാകും എന്നറിയുന്നു.

കോണ്‍‌ഗ്രസിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികം നടക്കുന്ന വേളയില്‍ മുന്‍ പ്രധാനമന്ത്രിയായ നരസിംഹറാവുവിനെ പറ്റി സോണിയ അടക്കമുള്ള നേതാക്കള്‍ പരാമര്‍ശിക്കാതെയിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.