രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ ചെയ്തത്. എട്ട് ആഴ്ചയ്ത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. വധശിക്ഷയില്‍ നന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.
പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. രണ്ടുമാസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രാംജഠ് മലാനിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അടുത്തമാസം ഒമ്പതാം തീയതിയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തള്ളിയിരുന്നു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡി എം കെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട് ഒരു യുവതി കഴിഞ്ഞ ദിവസം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.