രാജയെ മാറ്റില്ലെന്ന് കരുണാനിധി

Webdunia
വെള്ളി, 12 നവം‌ബര്‍ 2010 (16:55 IST)
എ രാജയെ ടെലികോം മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍‌വലിക്കുകയില്ലെന്ന് ഡി‌എം‌കെ നേതാവ് കരുണാനിധി അറിയിച്ചു. രാജയുടെ രാജിക്ക് പ്രതിപക്ഷ സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

രാജ കുറ്റവാളിയല്ലെന്നും തന്‍റെ മുന്‍‌ഗാമികളായ പ്രമോദ് മഹാജനും അരുണ്‍ ഷൂരിയും പാലിച്ചിരുന്ന എല്ലാ നടപടിക്രമങ്ങളും രാജയും പാലിച്ചിരുന്നതായും കരുണാനിധി പറഞ്ഞു. ഈ പ്രശ്നത്തില്‍ കോണ്‍‌ഗ്രസുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജയ്ക്കെതിരായ സി‌എജി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും എതിരായും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പെക്ട്രം അലോക്കേഷനിലൂടെ രാജ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി തിരിച്ചെത്തിയാലുടന്‍ രാജയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കരുണാനിധിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അശോക് ചവാനേയും കല്‍‌മാഡിയേയും പുറത്താക്കിയതിലൂടെ യുപി‌എയ്ക്ക് ലഭിച്ച ഇമേജ് രാജയെ നിലനിര്‍ത്തുന്നതിലൂടെ തകരുമെന്ന് മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. അതേസമയം, പ്രധാനമന്ത്രി രാജയുടെ രാജി ആവശ്യപ്പെടുന്ന പക്ഷം കോണ്‍‌ഗ്രസും ഡി‌എം‌കെയും തമ്മിലുള്ള ബന്ധം വഷളായേയ്ക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.