യെദ്യൂരപ്പയുടെ രാജി ഞായറാഴ്ച?

Webdunia
ശനി, 30 ജൂലൈ 2011 (11:05 IST)
PRO
PRO
കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക്‌ ശനിയാഴ്ച വൈകിട്ടോടെ പരിഹാരമാകുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസമന്ത്രി വി എസ്‌ ആചാര്യ. ബി എസ്‌ യെദ്യൂരപ്പ ഞായറാഴ്ച രാജിക്കത്ത്‌ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഗവര്‍ണറെ കാണാന്‍ യെദ്യൂരപ്പ സമയം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം യെദ്യൂരപ്പയുടെ രാജി അനുവദിക്കില്ലെന്ന് ഒരുകൂട്ടം എം എല്‍ എമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. യെദ്യൂരപ്പയ്ക്ക് ഇപ്പോഴും 70 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. കര്‍ണ്ണാടകയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന നിലപാടാണ് ബി ജെ പി കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ദേശീയ നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ്‌ സിംഗും യെദ്യൂരപ്പയുമായി ശനിയാഴ്ച രാവിലെ വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. യെദ്യൂരപ്പ എത്രയും പെട്ടെന്ന് രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

പ്രതിസന്ധി എന്തായാലും അതൊക്കെ മറികടന്ന് പരിചയമുള്ള മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവയ്ക്കേണ്ടതില്ല എന്ന് ആവശ്യപ്പെടുന്ന എം‌എല്‍‌എമാരുടെ എണ്ണം തുടക്കത്തില്‍ 30 ആയിരുന്നു. എന്നാലിപ്പോള്‍ യെദ്യൂരപ്പയെ പിന്തുണച്ചുകൊണ്ട് എഴുപതോളം എം‌എല്‍‌എമാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. നേതൃത്വത്തോട്‌ രാജിവയ്ക്കാന്‍ സമ്മതമറിയിച്ച യെദ്യൂരപ്പ ഇതോടെ മലക്കം മറിയുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും യെദ്യൂരപ്പയുടെ വിശ്വസ്ത അനുയായികള്‍ നടത്തിയ അതിവിദഗ്ധ ഓപ്പറേഷനിലൂടെയാണ് കൂടുതല്‍ എം‌എല്‍‌എമാര്‍ യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. മുഖ്യമന്ത്രിയെ കാര്യമറിയാതെ ക്രൂശിക്കുകയാണെന്നാണ് യെദ്യൂരപ്പയോടൊപ്പം നില്‍‌ക്കുന്ന എം‌എല്‍‌എമാര്‍ പറയുന്നത്.

ഖനന അഴിമതി ആരോപണത്തെ തുടര്‍ന്നാണ് യെദ്യൂരപ്പയോട് രാജിവയ്ക്കാന്‍ ബിജെപി ആവശ്യപ്പെട്ടത്. അനധികൃത ഖനനവിവാദം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയ്ക്കെതിരെയും ബി ജെ പി മന്ത്രിമാര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു.