യുവതിയുടെ മുടിമുറിച്ച് കണ്ണില്‍ മുളകുപൊടി വിതറി

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2012 (17:34 IST)
PRO
PRO
തൂത്തുക്കുടിയില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെയും ഭര്‍തൃ സഹോദരന്റെയും പരാക്രമം. ഗുരു ഈശ്വരി എന്ന ഇരുപത്തഞ്ച് കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമ്മയുടെ സഹോദരനായ മുരുഗേശനുമായി ഈശ്വരിയുടെ വിവാഹം നടന്നത്. ആര്‍മിയില്‍ ജവാനായ മുരുഗേശന്‍ അവധിക്ക് വരുമ്പോളൊക്കെ യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ബലം പ്രയോഗിച്ച് യുവതിയുടെ മുടിമുറിക്കുകയാണ് ഇയാളുടെ പതിവ് വിനോദം. ഭര്‍ത്താവിന്റെ സഹോദരന്‍ ഷണ്‍‌മുഖനും വീട്ടിലെത്തി യുവതിയെ അപമാനിക്കാറുണ്ടായിരുന്നു.

ജൂലൈയില്‍ നാട്ടിലെത്തിയ മുരുഗന്‍ തന്റെ സഹോദരനായ ഷണ്മുഖനൊപ്പം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. വീട്ടില്‍ എത്തിയ ഭര്‍ത്താവും സഹോദരനും യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ തലമുടി മുറിച്ച് മാറ്റുകയും ശരീരം മുഴുവന്‍ കമ്പി പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനു പുറമെ യുവതിയുടെ കൈയും കാലും കെട്ടിയിട്ട് കണ്ണിലും ശരീരഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കുകയും ചെയ്തിരുന്നു.

ഈശ്വരിയുടെ ദയനീയ അവസ്ഥ മനസിലാക്കിയ അമ്മ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മ മുരുഗനും ഷണ്മുഖനുമെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.