യുവജനങ്ങള്‍ അകലുന്നു:സി‌പി‌എംന് ആശങ്ക

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (17:43 IST)
WDFILE
പാര്‍ട്ടിയില്‍ നിന്ന് യുവജനങ്ങള്‍ അകലുന്നതില്‍ സി‌പി‌ഐ(എം) പാര്‍ട്ടി കോണ്‍‌ഗ്രസ് ആശങ്ക രേഖപ്പെടുത്തി. പാര്‍ട്ടി കോണ്‍‌ഗ്രസില്‍ തിങ്കളാഴ്‌ച വൈകിട്ട് അവതരിപ്പിക്കാനിരിക്കുന്ന സംഘടന റിപ്പോര്‍ട്ടിലാണ് ഈ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവജനങ്ങളെയും ദളിതുകളെയും ആദിവാസികളെയും ആകര്‍ഷിക്കുവാന്‍ ശ്രമിക്കണമെന്ന് സംഘടന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.‘പാര്‍ട്ടി യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ കൂടുതല്‍ പരിശ്രമിക്കണം. അതേസമയം പാര്‍ട്ടിയ്‌ക്കു വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കു മാത്രമേ അംഗത്വം നല്‍കുവാന്‍ പാടുകയുള്ളൂ.

പാര്‍ട്ടിയില്‍ 30 വയസ്സുള്ളവരെയുള്ള അംഗങ്ങള്‍ 16.77 ശതമാനം ഉണ്ട്. 31 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള അംഗങ്ങള്‍ 29.31 ശതമാനം ആണ്

41 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവര്‍ 31.77 ശതമാനവും 51 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ ‍13.79 ശതമാനവും 61 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവര്‍ 6.82 ശതമാനവും ഉണ്ട്.

ഇതില്‍ 35 ശതമാനം അംഗങ്ങളും 2002 നു ശേഷമാണ് പാര്‍ട്ടിയില്‍ അംഗങ്ങളായത്. പാര്‍ട്ടിയിലെ 19.93 ശതമാനം അംഗങ്ങളും ദളിതുകളാണ്. 6.43 ശതമാനം അംഗങ്ങള്‍ ആദിവാസികളാണ്‘,സംഘടന റിപ്പോര്‍ട്ട് പറയുന്നു.