ഇന്ത്യയെ അമേരിക്കയ്ക്ക് പണയംവച്ച പോലെയാണ് നമ്മുടെ ചില രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പെരുമാറുന്നതെന്ന് വിക്കിലീക്സ് ഈ അടുത്ത ദിവസങ്ങളില്‍ പുറത്തുവിട്ട ചില വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. ഇന്ത്യ - യു എസ് ബന്ധത്തെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ വേവലാതിപൂണ്ട് നടക്കുന്നതായാണ് വിക്കി രേഖകളിലുള്ളത്.
2009- ല്‍ ഹര്‍ദീപ് പുരി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ആയതിന് ശേഷമാണ് ഇത് കൂടുതല്‍ ശക്തിപ്രാപിച്ചതെന്നും വിക്കിലീക്‌സ് പറയുന്നു. അമേരിക്കയോട് കൂടുതല്‍ അടുക്കാനാണ് ഹര്‍ദീപ് പുരിക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചത്. ഇക്കാര്യം അദ്ദേഹം അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ടെഡ് ഓസിയസിനോട് തുറന്ന് പറയുകയും ചെയ്തു.
അമേരിക്കയെക്കുറിച്ച് വല്ല മുഷിച്ചിലുമുണ്ടെങ്കില്‍ അക്കാര്യം ആദ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം. വിദേശകാര്യജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര്‍ ആണ് ഹര്‍ദീപ് പുരിക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. അമേരിക്കയുമായുള്ള ബന്ധം ഇപ്പോള്‍ മെച്ചപ്പെട്ട് വരുന്നുണ്ട്. യു എന്‍ സുരക്ഷാകൌണ്‍സിലില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ അമേരിക്കയുമായുള്ള ബന്ധം വളര്‍ത്തിയേ തീരൂ എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
ശ്രീലങ്കന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നയത്തെ പുരി പ്രശംസിച്ചിരുന്നതായും ടെഡ് ഓസിയസ് പറയുന്നുണ്ട്. ഹിന്ദു ദിനപത്രത്തിലൂടെ പുറത്തുവന്ന വിക്കിലീക്സ് രേഖകളിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്.