ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് രണ്ടു കപ്പലുകള്‍ കൊച്ചിയിലെത്തി. വിദേശികളടക്കം 484 പേരുമായാണ് കപ്പലുകള്‍ എത്തിയത്. കപ്പലില്‍ 73 ഇന്ത്യക്കാരും 333 ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് എം വി കോറല്‍സ്, എം വി കവരത്തി എന്നീ കപ്പലുകള്‍ കൊച്ചിയില്‍ എത്തിയത്.
യമനില്‍ നിന്ന് മടങ്ങിയെത്തിയ 484 പേരില്‍ 17 പേര്‍ മലയാളികളാണ്. എം വി കോറല്‍സില്‍ 318ഉം എം വി കവരത്തിയില്‍ 166ഉം യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. കോറല്‍സിലെ 42 പേര്‍ ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ ബംഗ്ലാദേശുകാരുമാണ്. എം വി കവരത്തിയില്‍ 27 ഇന്ത്യക്കാര്‍ക്കു പുറമെ 64 ബംഗ്ലാദേശുകാരും ഇന്ത്യന്‍ വംശജരായ 75 യമന്‍കാരുമുണ്ട്.
പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാത്ത ബംഗ്ലാദേശുകാരെ ഇന്നു തന്നെ നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ധാക്കയിലേക്ക് അയയ്ക്കും. ഇതിനായി ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ വംശജരായ യമന്‍കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനാണ് നാവികസേനയുടെ ഇപ്പോഴത്തെ തീരുമാനം. സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതിനാല്‍ നാവികസേനയുടെ ഐ എന്‍ എസ് തീറിന്റെ അകമ്പടിയോടെ ആയിരുന്നു കപ്പലുകളുടെ യാത്ര. ഏപ്രില്‍ 12ന് ആയിരുന്നു യമനിലെ ജിബൂത്തിയില്‍ നിന്ന് കപ്പലുകള്‍ യാത്ര തിരിച്ചത്.