മോഡിയെ മാറ്റരുതെന്ന് താക്കറെ...

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (11:58 IST)
ഗോധ്ര കലാപത്തിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തല്‍‌സ്ഥാനത്തു നിന്ന് മാറ്റരുതെന്ന് ബി ജെ പി അധ്യക്ഷനായിരുന്ന എല്‍ കെ അദ്വാനിയോട് ആ‍വശ്യപ്പെട്ടത് താനാണെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറേ.

മോഡി പോയാല്‍ ഗുജറാത്തും ബി ജെ പിയുടെ കൈയ്യില്‍ നിന്ന് പോവുമെന്ന് താന്‍ അദ്വാനിയോട് പറഞ്ഞിരുന്നതായും താക്കറെ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കലാപത്തിനുശേഷം മോഡിയെ മാറ്റാന്‍ സമ്മര്‍ദ്ദമേറെയായിരുന്നു. എന്നാല്‍ മോഡിയെ മാറ്റിയാല്‍ ഗുജറാത്ത് “പോയെന്ന് കണക്കാക്കിയാല്‍ മതി"യെന്ന് അദ്വാനിയോട് താന്‍ പറഞ്ഞതനുസരിച്ചാണ് അന്ന് മോഡിയെ മാറ്റാതിരുന്നതെന്നും താക്കറെ വിശദീകരിച്ചു.

മോഡിയുടെ നേതൃത്വത്തെ അന്തരിച്ച ബി ജെ പി നേതാവ് പ്രമോദ് മഹാജന്‍റെ നേതൃപാടവുമായി താരതമ്യം ചെയ്ത ബി ജെ പി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയുടെ നടപടിയെയും താക്കറെ വിമര്‍ശിച്ചു.

എന്തിനാണ് മഹാജനെയും മോഡിയെയും താരതമ്യം ചെയ്യുന്നത്. എന്തായാലും ബി ജെ പിക്ക് മറ്റൊരു മഹാജനെ കിട്ടാന്‍ പോകുന്നില്ല. അദ്ദേഹത്തിന്‍റെ അഭാവം അഭാവമായിതന്നെ നിലനില്‍ക്കുമെന്നും താക്കറെ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബി ജെ പി - ശിവസേന സഖ്യത്തില്‍ വിള്ളല്‍ വീണുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താക്കറെയുടെ പ്രസ്താവന.