മോഡിക്കൊരു ബുദ്ധക്ഷേത്രം വേണം

Webdunia
ചൊവ്വ, 13 ജനുവരി 2009 (20:04 IST)
PTI
ഗുജറാത്തില്‍ ഒരു ബുദ്ധമത ക്ഷേത്രം പണി കഴിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. സമകാലിക ലോകത്തില്‍ ബുദ്ധമത തത്വങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും അതിനാലാണ് ഒരു ബുദ്ധമത ക്ഷേത്രം പണികഴിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോഡി വെളിപ്പെടുത്തി. ഗുജറാത്ത് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

പുരാതന ബുദ്ധമത ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഗുജറാത്തിലുണ്ട്. ശ്രീബുദ്ധന്റെ തത്വങ്ങള്‍ ഇന്നത്തെ ആഗോള സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ടവയാണ്. ജീവിതത്തിന്റെ അര്‍ത്ഥം തേടാനും ശരിയുടെ പാതയില്‍ സഞ്ചരിക്കാനും അവ നമ്മെ പ്രാപ്തരാക്കും - മോഡി പറഞ്ഞു.

ബുദ്ധമതത്തെ പറ്റിയൊരു ആഗോള സെമിനാര്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും മോഡി പറഞ്ഞു. വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച്, വഡോദരയിലുള്ള എം.എസ്. സര്‍വകലാശാലയിലാണ് ഇത് നടത്തുക. ബുദ്ധന്‍ പഠിപ്പിച്ചതെല്ലാം മണ്‍‌മറഞ്ഞ് പോവാതിരിക്കാനും അവയുടെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഈ സംരംഭത്തിന് കഴിയുമെന്ന് മോഡി പ്രത്യാശ പ്രകടിപ്പിച്ചു.