മോക്ഡ്രില്ലിനിടെ യുവതി മരിച്ചു

Webdunia
ശനി, 25 ഫെബ്രുവരി 2012 (02:04 IST)
ബാംഗ്ലൂരില്‍ ഫാക്ടറിയിലെ മോക്‍ഡ്രില്ലിനിടെ യുവതി മരിച്ചു. ഫാക്ടറിയിലെ ജീവനക്കാരിയും നഗരവാസിയുമായ നളിനി(25)യാണു മരിച്ചത്‌. ഫാക്ടറിയിലെ സുരക്ഷാമുന്നൊരുക്കത്തിന്റെ ഭാഗമായി അഗ്നിശമനസേനാ വിഭാഗം സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെയാണ് യുവതി മരിച്ചത്.

നോര്‍ത്ത്‌ ബാംഗ്ലൂരിലെ യശ്വന്ത്‌പുരയ്ക്കടുത്ത് പീനിയ വ്യവസായ മേഖലയിലുള്ള ഗാര്‍മെന്റ്‌ ഫാക്ടറിയായ ബോംബെ റയോണ്‍ ഫാഷന്‍ ലിമിറ്റഡില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഫാക്ടറിയുടെ മൂന്നാം നിലയില്‍ നിന്നു കയറില്‍ തൂങ്ങി താഴോട്ട്‌ ഇറങ്ങവേ പിടിവിട്ടു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീപിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഏങ്ങനെ സ്വയം രക്ഷാപ്രവര്‍ത്തനം നടത്താമെന്ന് തൊഴിലാളികളേയും ഉദ്യോഗസ്ഥരേയും ബോധവത്കരിക്കുന്നതിനാണു ഫാക്ടറിമാനേജ്മെന്റും അഗ്നിശമനസേനാ വിഭാഗവും സംയുക്തമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്‌. അതേസമയം, സേഫ്റ്റി നെറ്റ്‌ സജ്ജീകരിക്കാതിരുന്നതാണ്‌ മരണ കാരണമെന്നു പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.