മെയ്യപ്പന്‍ കൊടൈക്കനാലില്‍‍; ശ്രീനിവാസനെതിരെ ആരോപണവുമായി മകന്‍!

Webdunia
വെള്ളി, 24 മെയ് 2013 (17:04 IST)
PRO
PRO
ചെന്നൈ ടീം ഉടമയും ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവുമായ ഗുരുനാഥ് മെയ്യപ്പനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന കാര്യം മുംബൈ പൊലീസ് പരിഗണിക്കുന്നു. മുംബൈ പൊലീസ് സമന്‍സ് പുറപ്പെടുവിച്ചിട്ടും മെയ്യപ്പന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണിത്. മെയ്യപ്പന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ്ഹാജരാകണമെന്നായിരുന്നു പൊലീസ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച ഹാജരാകാമെന്ന മെയ്യപ്പന്റെ അപേക്ഷ മുംബൈ പൊലീസ് തള്ളി.

ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മെയ്യപ്പന്‍ കൊടൈക്കനാലില്‍ ഉണ്ടെന്നാണ് വിവരം. കൊടൈക്കനാലില്‍ നിന്നുള്ള മെയ്യപ്പന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. മെയ്യപ്പന് ഐപി‌എല്‍ വാതുവെപ്പുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് പിടിയിലായ വിന്ദു ധാരാസിംഗ്, താന്‍ ചെന്നൈയില്‍ മത്സരത്തിനെത്തിയത് മായപ്പന്റെ ക്ഷണപ്രകാരമാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും എതിരെ ആരോപണങ്ങളുമായി ശ്രീനിവാസന്റെ മകന്‍ അശ്വിന്‍ രംഗത്ത് വന്നിട്ടുണ്ട്. മെയ്യപ്പന് ചെന്നൈയിലും ദുബായിലുമുള്ള വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നും ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ അവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും അശ്വിന്‍ ആരോപിക്കുന്നു. തന്റെ പിതാവ് ശ്രീനിവാസന്‍ യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കേണ്ടി വരുന്ന കൊച്ചുവിമാനം വാങ്ങിയതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദേശത്ത് എവിടെ പോകുമ്പോഴും അദ്ദേഹം ദുബായിലാണ് ഇന്ധനം നിറയ്ക്കുന്നത്. അതേക്കുറിച്ചും ദുബായില്‍ ഗോള്‍ഫ് കളിയില്‍ അദ്ദേഹത്തിന്റെ പങ്കാളികള്‍ ആരായിരുന്നുവെന്നതുമെല്ലാം അന്വേഷിക്കണം. താന്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തി നേടിയശേഷവും തന്നെ മയക്കുമരുന്നിന് അടിമയായി ചിത്രീകരിക്കാന്‍ മെയ്യപ്പന്‍ താല്പര്യം കാട്ടിയിരുന്നു എന്നും അശ്വിന്‍ ആരോപിക്കുന്നു.