മൂന്ന് വര്‍ഷത്തിനിടെ ഹാക്കര്‍മാര്‍ തകര്‍ത്തത് ആയിരത്തിലധികം സര്‍ക്കാര്‍ സൈറ്റുകള്‍

Webdunia
ചൊവ്വ, 7 മെയ് 2013 (20:16 IST)
PRO
PRO
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹാക്കര്‍മാര്‍ തകര്‍ത്തത് ആയിരത്തിലധികം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍. വിവിധ മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ് സൈറ്റുകളാണ് തകര്‍ത്തത്. കേന്ദ്രആഭ്യന്തര സഹമന്ത്രി ആര്‍പിഎന്‍ സിംഗ് ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2010,11,12 വര്‍ഷങ്ങളില്‍ യഥാക്രമം 303, 308, 371 വെബ് സൈറ്റുകളില്‍ ആക്രമണം ഉണ്ടായി. ഈ വര്‍ഷം മാര്‍ച്ച് വരെ ഇതുവരെ 48 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു.

വെബ് സൈറ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ എടുത്തതായും ആര്‍പിഎന്‍ സിംഗ് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ഹോസ്റ്റിംഗിന് മുന്നോടിയായി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.