മൂന്നാംഘട്ടം: പോളിംഗ് ശതമാനം കുറവ്

Webdunia
വ്യാഴം, 30 ഏപ്രില്‍ 2009 (19:17 IST)
പതിനഞ്ചാം ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ചിലയിടങ്ങളിലെ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സമാധാനപരമായി അവസാനിച്ചു. പോളിംഗ് ശതമാനം കുറവായിരിക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍ നല്‍കുന്ന സൂചന.

കനത്ത ചൂടും ഒറ്റപ്പെട്ട അക്രമസംഭവങ്ങളുമാണ് പോളിംഗ് ശതമാനം കുറച്ചത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് കാര്യമായ ചലനം ഉണ്ടായില്ല. ചൂട് തുടങ്ങുന്നതിന് മുമ്പേ വോട്ട് ചെയ്തു മടങ്ങാനുള്ള തിരക്കിലായിരുന്നു ജനങ്ങള്‍. പതിനാറ് സീറ്റുകളിലേക്ക് വിധിയെഴുത്ത് നടന്ന മധ്യപ്രദേശില്‍ രണ്ട് മണിവരെ 35 ശതമാനം മാത്രമായിരുന്നു പോളിംഗ്. മൊറീന മണ്ഡലത്തിലും ഭിന്ദിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഭീതിജനകമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത് നിലനിന്നത്

മൊറീനയില്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളെ പിരിച്ചുവിടാന്‍ പോലീസ് വെടിവെയ്പ് നടത്തി. ഭിന്ദില്‍ ഒരു യുവാവ് തോക്കുമായി പോളിംഗ് ബൂത്തിലെത്തി നിറയൊഴിക്കുകയായിരുന്നു. ഈ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകര്‍ക്കാനും ശ്രമം നടന്നിരുന്നു.

തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ പശ്ചിമബംഗാളിലാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പുരുലിയയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സിആര്‍‌പി‌എഫ് ജവാന്‍‌മാര്‍ക്ക് പരിക്കേറ്റു. മിഡ്നാപ്പൂരില്‍ നാല് കുഴിബോംബുകള്‍ പൊലീസ് നിര്‍വീര്യമാക്കി.

വോട്ടെടുപ്പ് നടന്ന ബിഹാറിലെ 11 ലോക്സഭാ മണ്ഡലങ്ങളില്‍ ആദ്യ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 12 ശതമാനം പേരാ‍ണ് വോട്ട് രേഖപ്പെടുത്തിയത്. ബെഗുസരാ‍രി മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കി.

26 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ആദ്യ മൂന്ന് മണിക്കൂറുകളില്‍ 20 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ പൊതുവെ പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൂന്ന് മണിക്കൂറുകളില്‍ പതിനഞ്ച് ശതമാനം മാത്രമായിരുന്നു ഗ്രാമപ്രദേശങ്ങളിലെ പോളിംഗ് ശതമാനം.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന 16 ലോക്സഭാ മണ്ഡലങ്ങളില്‍ ആദ്യ രണ്ട് മണിക്കൂറുകളില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടന്ന സിക്കിമിലും സ്ഥിതി മറിച്ചായിരുന്നില്ല. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന ജമ്മുവിലെ അനന്ത് നാഗ് മണ്ഡലത്തില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യ നാല് മണിക്കൂറില്‍ പന്ത്രണ്ട് ശതമാനം മാത്രമായിരുന്നു ഈ മണ്ഡലത്തില്‍ പോളിംഗ്.

ഒന്‍പത്‌ സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളിലുമായി 107 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

101 വനിതകള്‍ ഉള്‍പ്പെടെ 1,567 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തോടെ ജനവിധി പൂര്‍ത്തിയായി.