മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടി; ഡാം സുരക്ഷാനിയമം അസാധുവാക്കി

Webdunia
ബുധന്‍, 7 മെയ് 2014 (11:04 IST)
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം സുപ്രീംകോടതി അസാധുവാക്കി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴനാടിന് സുപ്രീംകോടതി അനുമതി നല്‍കി. കേരളത്തിന്റെ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കേസില്‍  സുപ്രീംകോടതി ഭരണഘടനാബഞ്ചാണ് വിധിപറഞ്ഞത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധി മറികടക്കാന്‍ കേരളം കൊണ്ടുവന്ന നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിലടക്കം വാദം കേട്ടാണ് ഹര്‍ജിയില്‍ എട്ട് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേരളം 2006ല്‍ കൊണ്ടുവന്ന ജലസേചന നിയമത്തിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
 
സംസ്ഥാനം പാസാക്കിയ നിയമം സുപ്രീംകോടതി റദ്ദാക്കി. മുല്ലപ്പെരിയാര്‍ കരാര്‍ നിലവില്‍ വന്ന 1886 മുതല്‍ ഇങ്ങോട്ടുള്ള നിയമ തര്‍ക്കങ്ങള്‍ ഇഴകീറി പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് കേസില്‍ വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട 11 വിഷയങ്ങളില്‍ കോടതി ഇന്ന് വ്യക്തത വരുത്തി. ജലനിരപ്പ് കുറയ്ക്കാന്‍ കേരളം കൊണ്ടുവന്ന നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന തമിഴ്‌നാടിന്റെ ഹര്‍ജി നിലനില്‍ക്കുമോ, 2006ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ മുല്ലപ്പെരിയാറിനെ കൊണ്ടുവന്നത് ഭരണഘടനാപരമോ, ജലനിരപ്പ് 142 അടിയാക്കാമെന്ന 2006 ഫെബ്രുവരി 27ലെ സുപ്രീംകോടതി വിധി കേരളത്തിന് നിയമ നിര്‍മാണത്തിലൂടെ മറികടക്കാനാവുമോ, 1886ലെ കരാര്‍, അണക്കെട്ടിന്റെ സുരക്ഷ എന്നീകാര്യങ്ങള്‍ പരിശോധിച്ച് കോടതി വിധി പ്രസ്താവിച്ചതിനാല്‍ ഇക്കാര്യങ്ങള്‍ കേരളത്തിന് വീണ്ടും ഉന്നയിക്കാനാവുമോ, തിരുവിതാംകൂര്‍ രാജാവും സ്‌റ്റേറ്റ് സെക്രട്ടറിയും തമ്മിലുള്ള 1886ലെ കരാര്‍ വ്യവസ്ഥകളെ റിട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാനാവുമോ, 1970 മെയ് 29ന് കരാര്‍ പുതുക്കിയതിനാല്‍ 1886ലെ കരാര്‍ വ്യവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുമോ, 1886ലെ കരാറില്‍ ഇപ്പോഴും കേരളത്തിനും തമിഴ്‌നാടിനും നിയമപരമായ ബാധ്യതയുണ്ടോ, പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണോ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കാമോ, 2006ലെ വിധിയുടെ അടിസ്ഥാനത്തില്‍ ജലനിരപ്പ് 142 അടിയാക്കുന്നതില്‍ നിന്നും അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ നിന്നും തമിഴ്‌നാടിനെ വിലക്കാന്‍ കേരളത്തിന് അധികാരമുണ്ടോ, തമിഴ്‌നാടിന് എന്ത് ആശ്വാസത്തിനാണ് അര്‍ഹതയുള്ളത് എന്നീ ചോദ്യങ്ങളാണ് ബഞ്ച് പരിഗണിച്ചത്. നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടായിരുന്നു കേരളത്തിന്റെ വാദം. അണക്കെട്ടിന് ബലക്ഷയമില്ലാത്തതിനാല്‍ ജനനിരപ്പ് ഉയര്‍ത്താമെന്ന് തമിഴ്‌നാടും വാദിച്ചു.
 
ചീഫ് ജസ്റ്റീസ് ആര്‍എം ലോധയ്ക്ക് പുറമെ ജസ്റ്റീസുമാരായ എച്ച്എല്‍ ദത്തു, സികെ പ്രസാദ്, മദന്‍ പി ലോകൂര്‍, എംവൈ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസില്‍ ഏറെ നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി വിധിയിലൂടെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനാവില്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി തന്നെ നിരീക്ഷിച്ചിരുന്നു.