മുലായത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Webdunia
ശനി, 19 ഏപ്രില്‍ 2014 (08:41 IST)
PRO
PRO
സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലിയില്‍ സ്ഥിരപ്പെടത്തില്ലെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ എസ്പി നേതാവ് മുലായം സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഏപ്രില്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ നടന്ന റാലിയിലാണ് മുലായം ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ താത്കാലിക അധ്യാപകരോടായിരുന്നു മുലായത്തിന്റെ ഭീഷണി.

മുലായം പ്രഥമ ദൃഷ്ട്യാ പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.