മുംബൈ: സംയുക്ത അന്വേഷണത്തിനില്ല

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (17:12 IST)
മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്ഥാനുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്താന്‍ ഇന്ത്യ ഒരുക്കമല്ലെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ആക്രമണം സംബന്ധിച്ച് പാകിസ്ഥാന്‍ ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാണെന്നും പ്രണബ് അറിയിച്ചു.

പാകിസ്ഥാന്‍ കൈമാറുന്ന ഏതു വിവരത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ പ്രതികരണം ഉണ്ടാകും. എന്നാല്‍ അത് ഔദ്യോഗികമായിട്ടായിരിക്കണം. അല്ലാതെ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളോട് ഇന്ത്യ പ്രതികരികില്ല - പ്രണബ്‌ പറഞ്ഞു.

പാകിസ്ഥാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖര്‍ജി.

ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക് മണ്ണിലാണെന്ന ഇന്ത്യയുടെ വാദത്തൊട് പാകിസ്ഥാന്‍ ഇതുവരെ നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചുവ്വന്നിരുന്നത്.

പാക് പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പാക് സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.