മാവോ നേതാവ് മഹാതോയെ വധിച്ചു

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2010 (09:18 IST)
ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറി കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മാവോയിസ്റ്റ് നേതാവ് ഉമാകാന്ത് മഹാതോയെ പൊലീസ് വെടിവച്ചു കൊന്നു. പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ഏറ്റുമുട്ടലിലാണ് മാവോ നേതാവിനെ വധിച്ചത്.

ഝാര്‍ഗ്രാമില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മോഹന്‍‌പൂര്‍ വനമേഖലയിലാണ് പൊലീസും മാവോകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മാവോ പിന്തുണയുള്ള ‘പീപ്പിള്‍സ് കമ്മിറ്റി ഫോര്‍ പൊലീസ് അട്രോസിറ്റീസ്’ (പിസിപി‌എ) എന്ന സംഘടനയുടെ ഉന്നത നേതാവാണ് കൊല്ലപ്പെട്ട ഉമാകാന്ത് മഹാതോ. ഇയാളെ ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് സിബിഐ തെരഞ്ഞുവരികയായിരുന്നു.

ജ്ഞാനേശ്വരി എക്സ്പ്രസ് അപകടത്തില്‍ 150 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട്, ബാപി മഹാതോ, ഉമാകാന്ത് മഹാതോ, അസിത് മഹാതോ എന്നിവരെ സിബിഐ തെരയുകയായിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.