അധ്യാപകന്‍ മാനഭംഗപ്പെടുത്തിയ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം നടന്നത്. മാനഭംഗപ്പെട്ടതിനാല്‍ മകള്‍ അശുദ്ധയാക്കപ്പെട്ടെന്നും ഇനി അവളെ തങ്ങള്‍ക്ക് വേണ്ടെന്നും പറഞ്ഞ് വീട്ടുകാര്‍ പെണ്‍കുട്ടിയെ ജില്ലാ കളക്‌ടറുടെ ഓഫീസില്‍ വിട്ടു. വീട്ടുകാരുടെ ഈ നടപടി ജില്ലാ അധികൃതരെ വെട്ടിലാക്കിയിരിക്കുകയാണ്. ‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് പറഞ്ഞ് പെണ്‍കുട്ടി കരഞ്ഞെങ്കിലും മകളെ മാതാപിതാക്കള്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ ഇപ്പോള്‍ കൊടുവിലാര്‍പ്പട്ടിയില്‍ ഉള്ള അഗതിമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ആണ്ടിപ്പട്ടിക്കരികിലെ ബൊമ്മിനായ്ക്കന്‍പട്ടിയിലുള്ള ആദിദ്രാവിഡ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഈ വിദ്യാര്‍ത്ഥിനിയെ കണക്ക് മാഷായ മഹേന്ദ്രന്‍ ബലാത്സംഗം ചെയ്തതായി പറയപ്പെടുന്നു. മകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നും അതിനുള്ള സിക്ഷയായിട്ടാണ് തങ്ങള്‍ മകളെ ജില്ലാ കളക്‌ടറെ ഏല്‍പ്പിച്ചതെന്നും മാതാപിതാക്കള്‍ തടിച്ചുകൂടിയ ജനത്തോട് പറഞ്ഞു.
“സ്കൂളില്‍ ഞങ്ങളുടെ മകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷ നല്‍കുമെന്ന് ഞങ്ങള്‍ കരുതി. സര്‍ക്കാരിന്റെയും അധികൃതരുടെയും ശ്രദ്ധകേടുകൊണ്ട് എന്റെ മകള്‍ മാനഭംഗത്തിന് ഇരയായി. മാനവും അഭിമാനവും വലുതെന്ന് കരുതുന്ന ഞങ്ങള്‍ക്ക് അശുദ്ധയാക്കപ്പെട്ട മകളെ ഇനി വേണ്ട. അതിനാല്‍, അവളെ നിങ്ങള്‍ ഏറ്റെടുത്തുകൊള്‍ക. നിങ്ങളുടെ അശ്രദ്ധയ്ക്ക് ഞങ്ങള്‍ വിധിക്കുന്ന ശിക്ഷയാണിത്” - കളക്‌ടറോട് കൈകൂപ്പിക്കൊണ്ട് നിറകണ്ണുകളോടെ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ അധ്യാപകന്‍ തിങ്കളാഴ്ച തന്നെ പെരിയകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ഡിസംബര്‍ പതിമൂന്നാം തീയതി വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഹേന്ദ്രനെ മധുരയിലുള്ള സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണവും സ്നേഹവും നല്‍കുന്നതിന് പകരമായി അവളെ വീട്ടുകാര്‍ കളക്‌ടര്‍ ഓഫീസില്‍ ഉപേക്ഷിച്ചത് കടന്നുകളഞ്ഞത് സംസ്ഥാനത്തെ സ്ത്രീസംഘടനകളെ ഞെട്ടിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കാന്‍ സന്നദ്ധസംഘടനകള്‍ മുമ്പോട്ട് വന്നിട്ടുമുണ്ട്.