'മരണദിവസം സുനന്ദ അസ്വസ്ഥയായിരുന്നു, മൂന്നു വ്യക്തികള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു’

Webdunia
വ്യാഴം, 23 ജനുവരി 2014 (13:05 IST)
PRO
PRO
മരണദിവസം സുനന്ദ പുഷ്കര്‍ വളരെയധികം അസ്വസ്ഥയായിരുന്നതായി വെളിപ്പെടുത്തല്‍. സുനന്ദയുടെ ഒരു അടുത്ത സുഹൃത്താണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശശി തരൂരിന്റെ അവിഹിത ബന്ധമാണത്രേ സുനന്ദയെ ദിവസങ്ങളായി അസ്വസ്ഥയാക്കിയത്. സുനന്ദയെ വിവിധ സമയങ്ങളില്‍ മൂന്നു വ്യക്തികള്‍ ഹോട്ടല്‍മുറിയില്‍ എത്തി കണ്ടിരുന്നു. ഇവര്‍ സുനന്ദയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നും അവര്‍ക്ക് ആശ്വാസമായില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.

ഇതിനിടെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്‌കറുടെ കൈയില്‍ കടിച്ചതിന്റെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടെന്ന് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിനുമുന്പ് വഴക്കും കൈയേറ്റവുമുണ്ടായതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നത്.

ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് നേരത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഇതൊന്നും പക്ഷേ മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല.

മരുന്നിന്റെ ഓവര്‍ഡോസ് ആണ് മരണത്തിന് കാരണമായി അധികൃതര്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.