മന്‍‌മോഹന്‍ സിംഗ് ജപ്പാനില്‍

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (08:47 IST)
പ്രധാനമന്ത്രി മന്‍‌മോഹന്‍സ് സിംഗ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനില്‍ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം.

മന്‍‌മോഹന്‍ സിംഗിനെയും ഭാര്യ ഗുര്‍ശരണ്‍ സിംഗിനെയും ജപ്പാനിലെ ഹനേദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി ഇകുവൊ യാമഹാനയാണ് സ്വീകരിച്ച് ആനയിച്ചത്. മന്‍‌മോഹന്‍ സിംഗും ജപ്പാന്‍ പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയക്ഷി പ്രശ്നങ്ങളും പ്രാദേശിക, അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.

ജപ്പാനുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായതായി സിംഗ് പ്രഖ്യാപനം നടത്തിയേക്കും. എന്നാല്‍, ജപ്പാനിലെ ആഭ്യന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയുള്ളൂ.

ജപ്പാനുമായുള്ള ആണവ സഹകരണ ചര്‍ച്ചകളും മുന്നോട്ട് പോകുന്നുണ്ട്. ആണവ വിഷയത്തില്‍ ജപ്പാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുമെന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുന്നതിന് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും.

ജപ്പാനില്‍ നിന്ന് മലേഷ്യയിലേക്കും അവിടെ നിന്ന് വിയറ്റ്നാമിലേക്കും പോകുന്ന പ്രധാനമന്ത്രി ഒക്ടോബര്‍ 30 ന് ഇന്ത്യയിലേക്ക് മടങ്ങും.