മദ്യപ ഓടിച്ച കാറിടിച്ച് 2 പേര്‍ മരിച്ചു

Webdunia
ശനി, 30 ജനുവരി 2010 (20:49 IST)
PRO
മദ്യലഹരിയിലായിരുന്ന ഒരു യുവതി ഓടിച്ചിരുന്ന കാര്‍ തട്ടി ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും ഒരു ബൈക്ക് യാത്രികനും മരിച്ചു മുംബൈയില്‍ ശനിയാഴ്ച വെളുപ്പിനെ ഒരു മണിയോട് അടുത്ത സമയത്താണ് അപകടം ഉണ്ടായെതെന്ന് പൊലീസ് പറഞ്ഞു.

ദീനനാഥ് ഷിന്‍ഡെ എന്ന പൊലീസ് എ‌എസ്‌ഐയും അഫ്സല്‍ മുഖ്‌മോജിയ (37) എന്ന ബൈക്ക് യാത്രികനുമാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നാല് പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എ‌‌എസ്‌ഐ മുംബൈ ജിടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മറൈന്‍ ലൈന്‍സിലൂടെ വന്ന ഹോണ്ട സി‌ആര്‍വി നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ഒരു പൊലീസ് വാഹനത്തിലും ഒരു ടാക്സിക്കാറിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. നൂരിയ യൂസുഫ് അലുവാലിയ എന്ന 27 കാരിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് എല്‍ ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.